ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പളളിപ്പാടിൻ്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

പള്ളിപ്പാടിന്റെ തൊട്ടുകിഴക്കുള്ള തൃപ്പെരുന്തുറ പഞ്ചായത്ത് പേരു കൊണ്ടുതന്നെ തുറ അഥവാ തുറമുഖമായിരുന്നു എന്ന സൂചന ലഭിക്കുന്നുണ്ട്. അവിടെ ഒരു പെരുംതുറ അഥവാ ഒരു വലിയ തുറമുഖം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കടല്‍ മാറി കരയായതോടെ ഇവിടെ കൊടുംകാടായി മാറിയിട്ടുണ്ടാവാമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും ഇവിടുത്തെ പാടശേഖരങ്ങളില്‍ നിന്നും ലഭിക്കുന്ന കൂറ്റന്‍ കാണ്ടാമരങ്ങളുടെ അവശിഷ്ടങ്ങള്‍ ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നു. പണ്ടുകാലം മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നതായി കരുതണം. പണ്ടുകാലം മുതല്‍ ഇവിടെ ബുദ്ധമതം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയാണ് പള്ളിപ്പാട് എന്ന സ്ഥലനാമം. ബുദ്ധമതം പ്രചാരത്തിലായതോടെ ഇവിടെയും ബുദ്ധവിഹാരങ്ങള്‍ സ്ഥാപിതമായിട്ടുണ്ടാവും. ബുദ്ധവിഹാരത്തെ പള്ളി എന്നാണല്ലോ വിളിച്ചിരുന്നത്. കാര്‍ത്തികപ്പള്ളി, പുതുപ്പള്ളി, കരുനാഗപ്പള്ളി, പള്ളിപ്പാട്, തോട്ടപ്പള്ളി മുതലായ സ്ഥലനാമങ്ങള്‍ , ഒരുകാലത്ത് അവിടങ്ങളിലുണ്ടായിരുന്ന ബുദ്ധവിഹാരങ്ങളുടെ സാന്നിധ്യം ഹേതുവായി ലഭിച്ചിട്ടുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഓടനാടിന്റെ (ഓണാട്) അതിര്‍ത്തിയില്‍ ഉള്‍പെട്ട സ്ഥലമായിരുന്നു പള്ളിപ്പാട്. 1218-ലെ കണ്ടിയൂര്‍ ശിലാശാസനത്തില്‍ ഓടനാടിന്റെ നാടുവാഴിയായിരുന്ന രാമന്‍ കോതവര്‍മ്മനെപ്പറ്റി പറയുന്നുണ്ട്. വാണിജ്യപരമായി കായംകുളത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതോടെയാകണം രാജധാനി കായംകുളം നഗരപ്രാന്തത്തിലേക്കു മാറിയത്. 1746-ല്‍ വേണാട്ടധിപനായ മാര്‍ത്താണ്ഡ വര്‍മ്മയുമായുണ്ടായ അവസാന യുദ്ധത്തില്‍ പരാജിതമാകുന്നതുവരെ കായംകുളം പ്രബലമായ ഒരു സ്വതന്ത്രരാജ്യമായിരുന്നു. കായംകുളം രാജാവിന്റെ മന്ത്രിമുഖ്യനായിരുന്ന വെട്ടിവിളയില്‍ യജമാനന്‍ താമസിച്ചിരുന്നത് പള്ളിപ്പാട്ടായിരുന്നു. വേണാട്ടധിപനോടു പരാജയപ്പെട്ടപ്പോള്‍ വളരെയേറെ സ്ഥലങ്ങള്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അങ്ങനെയാണ് പള്ളിപ്പാടിന്റെ അധീശത്വം ആലുവായ്ക്കടുത്ത് വെള്ളാപ്പള്ളി ദേശത്തുള്ള അകവൂര്‍ മനയ്ക്ക് ലഭിച്ചതെന്നു കരുതുന്നു. ഇന്നും തലത്തോട്ടാ, ഇരട്ടക്കുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളുടെ അവകാശം മേല്‍പറഞ്ഞ മനയ്ക്കാണ്. ഈസ്റ്റ്ഇന്ത്യ കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം 1816 മുതല്‍ 1820 വരെ ബ്രീട്ടിഷ് സൈനികോദ്യോഗസ്ഥന്‍മാരായിരുന്ന കാര്‍ണല്‍വാര്‍ഡും, കോണറും ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വളരെ വിശദമായ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി. ആ റിപ്പോര്‍ട്ടിന്‍ പ്രകാരം തിരുവിതാംകൂര്‍ രാജ്യം 17 ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു. അതിലൊരു ജില്ല കടലിനോടു ചേര്‍ന്നുകിടക്കുന്ന കാര്‍ത്തികപ്പള്ളിയായിരുന്നു. ഈ ജില്ലയുടെ അതിര്‍ത്തികള്‍ വടക്ക് അമ്പലപ്പുഴ, തെക്ക് കരുനാഗപ്പള്ളി, കിഴക്ക് മാവേലിക്കര, തിരുവല്ല എന്നീ ഡിസ്ട്രിക്ടുകളായിരുന്നു. ആകെ 74 ചതുരശ്ര മൈലുള്ളതില്‍ ഭരണസൌകര്യത്തെ മുന്‍നിര്‍ത്തി കാര്‍ത്തികപ്പള്ളി ഡിസ്ട്രിക്ടിനെ 8 പ്രവൃത്തികളായി ഭാഗിച്ചിരുന്നു. അതിലൊരു പ്രവൃത്തിയായിരുന്നു പള്ളിപ്പാട്. വിസ്തൃതികൊണ്ടും പാടശേഖരങ്ങളുടെ വ്യാപ്തികൊണ്ടും ഇവിടം പള്ളപ്പാട് എന്നറിഞ്ഞിരുന്നെന്നും പില്‍ക്കാലത്ത് പള്ളിപ്പാടായി മാറിയതാണെന്നും അഭിപ്രായമുണ്ട്. കായംകുളം രാജാവും ചെമ്പകശ്ശേരി രാജാവും തമ്മില്‍ ഈ പ്രദേശത്തോടു ചേര്‍ന്നുളള മുല്ലവക്കുളങ്ങര പടനിലത്ത് ഏറ്റുമുട്ടിയ ചരിത്രം തലമുറകളായി പറഞ്ഞുകേള്‍ക്കുന്നു. പ്രധാനമായും എട്ടു ക്ഷേത്രങ്ങളാണിവിടെയുള്ളത്. അവയില്‍ തന്നെ തളിയാതിരിമാര്‍ സ്ഥാപിച്ച തള്ളിക്കല്‍ ക്ഷേത്രമാണ് അതിപുരാതനമായിട്ടുള്ളതെന്നും കരുതപ്പെടുന്നു. എടുത്തുപറയേണ്ട മറ്റു പുരാതന ക്ഷേത്രങ്ങള്‍ തലത്തോട്ട ശിവക്ഷേത്രവും, മണക്കാട്ട് ശാസ്താ ക്ഷേത്രവുമാണ്. ഒട്ടേറെ ചുമര്‍ച്ചിത്രങ്ങളുളള ക്ഷേത്രമാണ് അരയാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ താമസിച്ചിട്ടുള്ള കരിമ്പാലില്‍ കോയിക്കല്‍ കൊട്ടാരം ഈ പഞ്ചായത്തിലാണ്. ഇവിടുത്തെ ആദ്യ ക്രിസ്തീയ ദേവാലയമാണ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി. ഇന്ന് പഞ്ചായത്തിന്റെ മിക്ക വാര്‍ഡുകളിലും ക്രിസ്തീയ ദേവാലയങ്ങളുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു മുസ്ളീം ദേവാലയവും ഇവിടെയുണ്ട്. ലോകപ്രശസ്ത കഥകളിനടന്‍ ഹരിപ്പാട് രാമകൃഷ്ണ പിള്ളയുടെയും, പാഠകവിദ്വാന്‍ ഹരിപ്പാട് അച്യുത ദാസിന്റെയും, കര്‍ണ്ണാടക സംഗീതരംഗത്ത് സമാരാധ്യനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും ജന്മംകൊണ്ട് ധന്യമായ ഗ്രാമമാണ് പള്ളിപ്പാട്. ക്രൈസ്തവ സമൂഹത്തിനാകെ ആത്മീയാചാര്യനായി വാഴ്ത്തപ്പെടുന്ന മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട ഫീലിപ്പോസ് മാര്‍ ദിവന്യാസോസ് തിരുമേനി ഈ ഗ്രാമത്തിന്റെ സംഭാവനയാണ്. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ടി.കെ.മാധവന്റെ പ്രവര്‍ത്തന മേഖലയില്‍ പള്ളിപ്പാടും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന കലാശാലയാണ് നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജ്. ഗാന്ധിജിയുടെ ചിതാഭസ്മ കലശത്തെ പൊതിഞ്ഞിരുന്ന പുഷ്പങ്ങളില്‍ ചിലത് ഭക്ത്യാദരപൂര്‍വ്വം ചോദിച്ചുവാങ്ങി അവയര്‍പ്പിച്ചുകൊണ്ട് ശിലാസ്ഥാപനം നടത്തിയ ഒരു ഗ്രന്ഥശാല ഈ ഗ്രാമത്തില്‍ ഉണ്ട്. അതാണ് ഗാന്ധിജി സ്മാരക ഗ്രന്ഥശാല. പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാലയുമിതാണ്. 1958-ല്‍ നങ്ങ്യാര്‍കുളങ്ങര യുവജന സമാജം ആരംഭിച്ച മറ്റൊരു ഗ്രന്ഥശാലയും പഞ്ചായത്തിലുണ്ട്. ഈ പ്രദേശത്തെ ആദ്യ വിദ്യാലയം മഞ്ഞാലില്‍ സ്കൂളാണ്. ഇത് ഇന്നും എം.എസ്.സി. എല്‍ പി എസ്സ്-പേര്‍കാട് എന്ന പേരില്‍ നിലനില്‍ക്കുന്നു. മണ്ണുക്കാട്ട് വടക്കേതില്‍ ശങ്കരപിള്ള സ്ഥാപിച്ച നടുവട്ടം ലോവര്‍ പ്രൈമറി ഗേള്‍സ് സ്കൂളാണ് പിന്നീടുണ്ടായത്. 1949-ല്‍ നിലവില്‍ വന്ന വില്ലേജു യൂണിയന്റെ പ്രസിഡന്റ് പനയ്ക്കല്‍ കെ.പരമു പിള്ളയായിരുന്നു. പഞ്ചായത്തിന്റെ രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തു ഭരണസമിതിയുടെ പ്രസിഡന്റ് മാപ്പോട്ടില്‍ പി.ഇ. മാത്യുവായിരുന്നു.